1 ശമൂവേൽ 20 : 1 (MOV)
ദാവീദ് രാമയിലെ നയ്യോത്തിൽനിന്നു ഓടി യോനാഥാന്റെ അടുക്കൽ ചെന്നു: ഞാൻ എന്തു ചെയ്തു? എന്റെ കുറ്റം എന്തു? നിന്റെ അപ്പൻ എന്നെ കൊല്ലുവാൻ അന്വേഷിക്കേണ്ടതിന്നു അവനോടു ഞാൻ ചെയ്ത പാപം എന്തു എന്നു ചോദിച്ചു.
1 ശമൂവേൽ 20 : 2 (MOV)
അവൻ അവനോടു: അങ്ങനെ ഭവിക്കരുതേ, നീ മരിക്കയില്ല; എന്റെ അപ്പൻ എന്നെ അറിയിക്കാതെ വലുതോ ചെറുതോ യാതൊന്നും ചെയ്വാറില്ല; പിന്നെ ഈ കാര്യം എന്നെ മറെപ്പാൻ സംഗതി എന്തു? അങ്ങനെ വരികയില്ല എന്നു പറഞ്ഞു.
1 ശമൂവേൽ 20 : 3 (MOV)
ദാവീദ് പിന്നെയും അവനോടു: എന്നോടു നിനക്കു പ്രിയമാകുന്നുവെന്നു നിന്റെ അപ്പൻ നല്ലവണ്ണം അറികയാൽ യോനാഥാൻ ദുഃഖിക്കാതിരിക്കേണ്ടതിന്നു അവൻ ഇതു ഗ്രഹിക്കരുതു എന്നു അവൻ വിചാരിക്കുന്നു; എന്നാൽ യഹോവയാണ, നിന്നാണ, എനിക്കും മരണത്തിന്നും മദ്ധ്യേ ഒരടി അകലം മാത്രമേയുള്ളു എന്നു സത്യംചെയ്തു പറഞ്ഞു.
1 ശമൂവേൽ 20 : 4 (MOV)
അപ്പോൾ യോനാഥാൻ ദാവീദിനോടു: നിന്റെ ആഗ്രഹം എന്തു? ഞാൻ അതു ചെയ്തുതരും എന്നു പറഞ്ഞു.
1 ശമൂവേൽ 20 : 5 (MOV)
ദാവീദ് യോനാഥാനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നു; ഞാനും രാജാവിനോടുകൂടെ പന്തിഭോജനത്തിന്നു ഇരിക്കേണ്ടതല്ലോ; എങ്കിലും മറ്റെന്നാൾ വൈകുന്നേരംവരെ വയലിൽ ഒളിച്ചിരിപ്പാൻ എനിക്കു അനുവാദം തരേണം.
1 ശമൂവേൽ 20 : 6 (MOV)
നിന്റെ അപ്പൻ എന്നെ കാണാഞ്ഞിട്ടു അന്വേഷിച്ചാൽ: ദാവീദ് സ്വന്തപട്ടണമായ ബേത്ത്ളേഹെമിലേക്കു ഒന്നു പോയിവരേണ്ടതിന്നു എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു; അവന്റെ കുലത്തിന്നെല്ലാം അവിടെ വർഷാന്തരയാഗം ഉണ്ടു എന്നു ബോധിപ്പിക്കേണം.
1 ശമൂവേൽ 20 : 7 (MOV)
കൊള്ളാമെന്നു അവൻ പറഞ്ഞാൽ അടിയന്നു ശുഭം; അല്ല, കോപിച്ചാൽ: അവൻ ദോഷം നിർണ്ണയിച്ചിരിക്കുന്നു എന്നു അറിഞ്ഞുകൊള്ളേണം.
1 ശമൂവേൽ 20 : 8 (MOV)
എന്നാൽ അങ്ങുന്നു അടിയനോടു ദയ ചെയ്യേണം; അടിയനുമായി യഹോവയെ സാക്ഷിയാക്കി സഖ്യത ചെയ്തിട്ടുണ്ടല്ലോ; വല്ല കുറ്റവും എന്നിൽ ഉണ്ടെങ്കിലോ അങ്ങുന്നു തന്നേ എന്നെ കൊല്ലുക; അപ്പന്റെ അടുക്കൽ എന്നെ കൊണ്ടുപോകുവാൻ എന്തൊരാവശ്യം?
1 ശമൂവേൽ 20 : 9 (MOV)
അതിന്നു യോനാഥാൻ: അങ്ങനെ നിനക്കു വരാതിരിക്കട്ടെ; എന്റെ അപ്പൻ നിനക്കു ദോഷം വരുത്തുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു ഞാൻ അറിഞ്ഞാൽ നിന്നെ അറിയിക്കാതിരിക്കുമോ എന്നു പറഞ്ഞു.
1 ശമൂവേൽ 20 : 10 (MOV)
ദാവീദ് യോനാഥാനോടു: നിന്റെ അപ്പൻ നിന്നോടു കഠിനമായി ഉത്തരം പറഞ്ഞാലോ അതു ആർ എന്നെ അറിയിക്കും എന്നു ചോദിച്ചു.
1 ശമൂവേൽ 20 : 11 (MOV)
യോനാഥാൻ ദാവീദിനോടു: വരിക, നമുക്കു വയലിലേക്കു പോകാം എന്നു പറഞ്ഞു; അവർ ഇരുവരും വയലിലേക്കു പോയി.
1 ശമൂവേൽ 20 : 12 (MOV)
പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: യിസ്രായേലിന്റെ ദൈവമായ യഹോവ സാക്ഷി: നാളെ ഈ നേരത്തോ മറ്റെന്നാളോ എന്റെ അപ്പന്റെ അന്തർഗ്ഗതമറിഞ്ഞു നിനക്കു ഗുണമെന്നു കണ്ടാൽ ഞാൻ ആളയച്ചു നിന്നെ അറിയിക്കാതിരിക്കുമോ?
1 ശമൂവേൽ 20 : 13 (MOV)
എന്നാൽ നിന്നോടു ദോഷം ചെയ്വാനാകുന്നു എന്റെ അപ്പന്റെ ഭാവമെങ്കിൽ ഞാൻ അതു നിന്നെ അറിയിച്ചു നീ സമാധാനത്തോടെ പോകേണ്ടതിന്നു നിന്നെ പറഞ്ഞയക്കാതിരുന്നാൽ യഹോവ യോനാഥാനോടു തക്കവണ്ണവും അധികവും ചെയ്യട്ടെ; യഹോവ എന്റെ അപ്പനോടുകൂടെ ഇരുന്നതുപോലെ നിന്നോടു കൂടെയും ഇരിക്കുമാറാകട്ടെ.
1 ശമൂവേൽ 20 : 14 (MOV)
ഞാൻ ഇനി ജീവനോടിരിക്കയാകുന്നു എങ്കിൽ ഞാൻ മരിക്കാതവണ്ണം യഹോവയുടെ ദയ നീ കാണിക്കേണ്ടതു എന്നോടു മാത്രമല്ല;
1 ശമൂവേൽ 20 : 15 (MOV)
എന്റെ ഗൃഹത്തോടും നിന്റെ ദയ ഒരിക്കലും അറ്റുപോകരുതു; യഹോവ ദാവീദിന്റെ ശത്രുക്കളെ ഒട്ടൊഴിയാതെ ഭൂതലത്തിൽനിന്നു ഛേദിച്ചുകളയുംകാലത്തും അറ്റുപോകരുതു.
1 ശമൂവേൽ 20 : 16 (MOV)
ഇങ്ങനെ യോനാഥാൻ ദാവീദിന്റെ ഗൃഹത്തോടെ സഖ്യതചെയ്തു. ദാവീദിന്റെ ശത്രുക്കളോടു യഹോവ ചോദിച്ചുകൊള്ളും.
1 ശമൂവേൽ 20 : 17 (MOV)
യോനാഥാൻ സ്വന്തപ്രാണനെപ്പോലെ ദാവീദിനെ സ്നേഹിക്കയാൽ തന്നോടുള്ള സ്നേഹത്തെച്ചൊല്ലി അവനെക്കൊണ്ടു പിന്നെയും സത്യംചെയ്യിച്ചു.
1 ശമൂവേൽ 20 : 18 (MOV)
പിന്നെ യോനാഥാൻ ദാവീദിനോടു പറഞ്ഞതു: നാളെ അമാവാസ്യയാകുന്നുവല്ലോ; നിന്റെ ഇരിപ്പിടം ഒഴിഞ്ഞിരിക്കുമ്പോൾ നീ ഇല്ലെന്നു കാണും.
1 ശമൂവേൽ 20 : 19 (MOV)
മൂന്നു ദിവസം കഴിഞ്ഞിട്ടു കാര്യം നടന്ന അന്നു നീ ഒളിച്ചിരുന്ന സ്ഥലത്തേക്കു വേഗത്തിൽ ഇറങ്ങിവന്നു ഏസെൽകല്ലിന്റെ അരികെ താമസിക്കേണം.
1 ശമൂവേൽ 20 : 20 (MOV)
അപ്പോൾ ഞാൻ അതിന്റെ ഒരുവശത്തു ഒരു ലാക്കിന്നു എയ്യുന്നഭാവത്തിൽ മൂന്നു അമ്പു എയ്യും.
1 ശമൂവേൽ 20 : 21 (MOV)
നീ ചെന്നു അമ്പു നോക്കി എടുത്തുകൊണ്ടു വരിക എന്നു പറഞ്ഞു ഒരു ബാല്യക്കാരനെ അയക്കും. അമ്പുകൾ നിന്റെ ഇപ്പുറത്തു ഇതാ, എടുത്തുകൊണ്ടു വരിക എന്നു ഞാൻ ബാല്യക്കാരനോടു പറഞ്ഞാൽ നീ അവ എടുത്തുകൊണ്ടു വരിക; യഹോവയാണ, നിനക്കു ശുഭമല്ലാതെ മറ്റൊന്നും വരികയില്ല.
1 ശമൂവേൽ 20 : 22 (MOV)
എന്നാൽ ഞാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തു അതാ എന്നു പറഞ്ഞാൽ നിന്റെ വഴിക്കു പൊയ്ക്കൊൾക; യഹോവ നിന്നെ പറഞ്ഞയച്ചിരിക്കുന്നു.
1 ശമൂവേൽ 20 : 23 (MOV)
ഞാനും നീയും തമ്മിൽ പറഞ്ഞിരിക്കുന്ന കാര്യത്തിലോ, യഹോവ എനിക്കും നിനക്കും മദ്ധ്യേ എന്നേക്കും സാക്ഷി.
1 ശമൂവേൽ 20 : 24 (MOV)
ഇങ്ങനെ ദാവീദ് വയലിൽ ഒളിച്ചു; അമാവാസ്യയായപ്പോൾ രാജാവു പന്തിഭോജനത്തിന്നു ഇരുന്നു.
1 ശമൂവേൽ 20 : 25 (MOV)
രാജാവു പതിവുപോലെ ചുവരിന്നരികെയുള്ള തന്റെ ആസനത്തിന്മേൽ ഇരുന്നു; യോനാഥാൻ എഴുന്നേറ്റുനിന്നു. അബ്നേർ ശൌലിന്റെ അരികെ ഇരുന്നു; ദാവീദിന്റെ സ്ഥലമോ ഒഴിഞ്ഞുകിടന്നു.
1 ശമൂവേൽ 20 : 26 (MOV)
അന്നു ശൌൽ ഒന്നും പറഞ്ഞില്ല; അവന്നു എന്തോ ഭവിച്ചു അവന്നു ശുദ്ധിയില്ലായിരിക്കും; അതേ, അവന്നു ശുദ്ധിയില്ല എന്നു അവൻ വിചാരിച്ചു.
1 ശമൂവേൽ 20 : 27 (MOV)
അമാവാസ്യയുടെ പിറ്റെന്നാളും ദാവീദിന്റെ സ്ഥലം ഒഴിഞ്ഞുകിടന്നു; ശൌൽ തന്റെ മകനായ യോനാഥാനോടു: യിശ്ശായിയുടെ മകൻ ഇന്നലെയും ഇന്നും പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്തു എന്നു ചോദിച്ചു.
1 ശമൂവേൽ 20 : 28 (MOV)
യോനാഥാൻ ശൌലിനോടു: ദാവീദ് ബേത്ത്ളേഹെമിൽ പോകുവാൻ എന്നോടു താല്പര്യമായി അനുവാദം ചോദിച്ചു:
1 ശമൂവേൽ 20 : 29 (MOV)
ഞങ്ങളുടെ കുലത്തിന്നു പട്ടണത്തിൽ ഒരു യാഗമുള്ളതുകൊണ്ടു എന്നെ വിട്ടയക്കേണമേ; എന്റെ ജ്യേഷ്ഠൻ തന്നേ എന്നോടു കല്പിച്ചിരിക്കുന്നു; ആകയാൽ നിനക്കു എന്നോടു കൃപയുണ്ടെങ്കിൽ ഞാൻ എന്റെ സഹോദരന്മാരെ ചെന്നുകാണ്മാൻ അനുവദിക്കേണമേ എന്നു പറഞ്ഞു. അതുകൊണ്ടാകുന്നു അവൻ രാജാവിന്റെ പന്തിഭോജനത്തിന്നു വരാതിരിക്കുന്നതു എന്നുത്തരം പറഞ്ഞു.
1 ശമൂവേൽ 20 : 30 (MOV)
അപ്പോൾ ശൌലിന്റെ കോപം യോനാഥാന്റെ നേരെ ജ്വലിച്ചു; അവൻ അവനോടു: വക്രതയും ദുശ്ശാഠ്യവും ഉള്ളവളുടെ മകനേ, നിന്റെ സ്വന്തലജ്ജെക്കും നിന്റെ അമ്മയുടെ നഗ്നതയുടെ ലജ്ജെക്കുമായി നീ യിശ്ശായിയുടെ മകനോടു കൂടിയിരിക്കുന്നു എന്നു എനിക്കു അറിഞ്ഞുകൂടയോ?
1 ശമൂവേൽ 20 : 31 (MOV)
യിശ്ശായിയുടെ മകൻ ഭൂമിയിൽ ജീവിച്ചിരിക്കുന്ന കാലത്തൊരിക്കലും നീയും നിന്റെ രാജത്വവും ഉറെക്കയില്ല. ഉടനെ ആളയച്ചു അവനെ എന്റെ അടുക്കൽ വരുത്തുക; അവൻ മരണയോഗ്യനാകുന്നു എന്നു പറഞ്ഞു.
1 ശമൂവേൽ 20 : 32 (MOV)
യോനാഥാൻ തന്റെ അപ്പനായ ശൌലിനോടു: അവനെ എന്തിന്നു കൊല്ലുന്നു? അവൻ എന്തു ചെയ്തു എന്നു ചോദിച്ചു.
1 ശമൂവേൽ 20 : 33 (MOV)
അപ്പോൾ ശൌൽ അവനെ കൊല്ലുവാൻ അവന്റെ നേരെ കുന്തം ചാടി; അതിനാൽ തന്റെ അപ്പൻ ദാവീദിനെ കൊല്ലുവാൻ നിർണ്ണയിച്ചിരിക്കുന്നു എന്നു യോനാഥാൻ അറിഞ്ഞു.
1 ശമൂവേൽ 20 : 34 (MOV)
യോനാഥാൻ അതികോപത്തോടെ പന്തിഭോജനത്തിൽനിന്നു എഴുന്നേറ്റു; അമാവാസ്യയുടെ പിറ്റെന്നാൾ ഭക്ഷണം ഒന്നും കഴിച്ചതുമില്ല; തന്റെ അപ്പൻ ദാവീദിനെ അപമാനിച്ചതുകൊണ്ടു അവനെക്കുറിച്ചു അവൻ വ്യസനിച്ചിരുന്നു.
1 ശമൂവേൽ 20 : 35 (MOV)
പിറ്റെന്നാൾ രാവിലെ, ദാവീദുമായി നിശ്ചയിച്ചിരുന്ന സമയത്തു, യോനാഥാൻ ഒരു ചെറിയ ബാല്യക്കാരനോടുകൂടെ വയലിലേക്കു പോയി.
1 ശമൂവേൽ 20 : 36 (MOV)
അവൻ തന്റെ ബാല്യക്കാരനോടു: ഓടിച്ചെന്നു ഞാൻ എയ്യുന്ന അമ്പു എടുത്തുകൊണ്ടുവാ എന്നു പറഞ്ഞു. ബാല്യക്കാരൻ ഓടുമ്പോൾ അവന്റെ അപ്പുറത്തേക്കു ഒരു അമ്പു എയ്തു.
1 ശമൂവേൽ 20 : 37 (MOV)
യോനാഥാൻ എയ്ത അമ്പു വീണേടത്തു ബാല്യക്കാരൻ എത്തിയപ്പോൾ യോനാഥാൻ ബാല്യക്കാരനോടു: അമ്പു നിന്റെ അപ്പുറത്തല്ലയോ എന്നു വിളിച്ചു പറഞ്ഞു.
1 ശമൂവേൽ 20 : 38 (MOV)
പിന്നെയും യോനാഥാൻ ബാല്യക്കാരനോടു: ബദ്ധപ്പെട്ടു ഓടിവരിക, നിൽക്കരുതു എന്നു വിളിച്ചുപറഞ്ഞു. യോനാഥാന്റെ ബാല്യക്കാരൻ അമ്പുകളെ പെറുക്കി യജമാനന്റെ അടുക്കൽ കൊണ്ടുവന്നു.
1 ശമൂവേൽ 20 : 39 (MOV)
എന്നാൽ യോനാഥാനും ദാവീദും അല്ലാതെ ബാല്യക്കാരൻ കാര്യം ഒന്നും അറിഞ്ഞില്ല.
1 ശമൂവേൽ 20 : 40 (MOV)
പിന്നെ യോനാഥാൻ തന്റെ ആയുധങ്ങളെ ബാല്യക്കാരന്റെ പക്കൽ കൊടുത്തു: പട്ടണത്തിലേക്കു കൊണ്ടുപോക എന്നു പറഞ്ഞു.
1 ശമൂവേൽ 20 : 41 (MOV)
ബാല്യക്കാരൻ പോയ ഉടനെ ദാവീദ് തെക്കുവശത്തുനിന്നു എഴുന്നേറ്റുവന്നു മൂന്നു പ്രാവശ്യം സാഷ്ടാംഗം വീണു നമസ്കരിച്ചു; അവർ തമ്മിൽ ചുംബനംചെയ്തു കരഞ്ഞു; ദാവീദോ ഉച്ചത്തിൽ കരഞ്ഞുപോയി.
1 ശമൂവേൽ 20 : 42 (MOV)
യോനാഥാൻ ദാവീദിനോടു: യഹോവ എനിക്കും നിനക്കും എന്റെ സന്തതിക്കും നിന്റെ സന്തതിക്കും മദ്ധ്യേ എന്നേക്കും സാക്ഷി എന്നിങ്ങനെ നാം ഇരുവരും യഹോവയുടെ നാമത്തിൽ സത്യം ചെയ്തിരിക്കകൊണ്ടു സമാധാനത്തോടെ പോക എന്നു പറഞ്ഞു. അങ്ങനെ അവൻ എഴുന്നേറ്റു പോയി; യോനാഥാനോ പട്ടണത്തിലേക്കു പോന്നു.
❮
❯